
സീനിയര്‍ സൂപ്പര്‍ സ്റ്റാറിന് പിന്നാലെ ജൂനിയര്‍ സൂപ്പര്‍സ്റ്റാറിനും ഗോള്‍ഡന്‍ വിസ ലഭിച്ചു.മമ്മൂട്ടിക്ക് പിറകേ മകന്‍ ദുല്‍ഖര്‍ സല്‍മാനും ആണ് യുഎഇയുടെ 10 വര്‍ഷത്തെ ഗോള്‍ഡന്‍ വീസ ലഭിച്ചത്. അബുദാബി സാംസ്‌കാരിക വിനോദ സഞ്ചാര വകുപ്പാണ് യുവ താരത്തിന് ഗോള്‍ഡന്‍ വീസ നല്‍കിയത്. വകുപ്പിന്റെ ആസ്ഥാന മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആണ് അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം സെക്രട്ടറി സഊദ് അബ്ദുല്‍ അസീസ് , അല്‍ ഹൊസനിയില്‍ നിന്ന് ദുല്‍ഖറിന് വീസ പതിച്ച പാസ്‌പോര്‍ട്ട് സമ്മാനിച്ചത്.
ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ദോസരി, ടു ഫോര്‍ ഫ്രി ഫോര്‍ പ്രതിനിധി ബദറിയ്യ അല്‍ മസ്രൂയി, ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് വൈസ് ചെയര്‍മാനുമായ എം.എ.യൂസഫലി, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
താരത്തിന്റെ സിനിമാ സംഭാവനകള്‍ പ്രകീര്‍ത്തിച്ച സഊദ് അബ്ദുല്‍ അസീസ് അല്‍ ഹൊസനി മലയാള സിനിമാ വ്യവസായത്തെ അബുദാബി സ്വാഗതം ചെയ്യുന്നതായി പറഞ്ഞു. ഗോള്‍ഡന്‍ വീസ ലഭിച്ചതില്‍ ദുല്‍ഖറും തന്റെ നന്ദി പ്രകടിപ്പിച്ചു. മലയാള സിനിമാ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള അബുദാബി സര്‍ക്കാരിന്റെ തീരുമാനത്തെ ദുല്‍ഖറും അഭിനന്ദിച്ചു. അബുദാബിയില്‍ തന്റെ സിനിമകളുടെ ചിത്രീകരണം നടത്താന്‍ ആലോചിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ , ടൊവിനോ തോമസ്, പൃഥ്വിരാജ് എന്നിവരാണ് ഈ വീസ സ്വന്തമാക്കിയ മറ്റു മലയാള നടന്മാര്‍, ഫഹദ് ഫാസില്‍, നസ്രിയ, മഞ്ജുവാരിയര്‍ തുടങ്ങിയവരും ഗോള്‍ഡന്‍ വീസയ്ക്ക് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
#DulquerSalmaan #UAEGoldenVisa #keralakaumudinews
source